കുളത്തൂപ്പുഴ: കാട്ടുപോത്തുകള്‍ ഉള്‍പ്പെടെ ജനവാസ മേഖലയില്‍ തമ്പടിച്ച വന്യമൃഗങ്ങളെ തിരികെ കാട്ടിലേക്ക് തുരത്തുന്നതിനായി വനം വകുപ്പ് കുളത്തുപ്പുഴയില്‍ നടപ്പിലാക്കിയ മിഷന് ഡ്രൈവ് പാളി. ഒരിടത്ത് നിന്നു തുരത്തിയ കാട്ടുപോത്തുകള്‍ അരകിലോമീറ്റര്‍ മാത്രം ദൂരത്തില്‍ അമ്പലക്കടവില്‍ ജനവാസ മേഖലയിലെത്തി.
സന്ധ്യ മയങ്ങിയാല്‍ കുളത്തൂപ്പുഴ ശ്രീധര്‍മ്മ ശാസ്താക്ഷേത്ര പരിസരത്തും 50 ഏക്കര്‍ ഡീസന്റ്മുക്ക് പാതയോരത്തും കാട്ടുപോത്തുകള്‍ കൂട്ടമായും ഒറ്റയ്ക്കും ഇപ്പോള്‍ എത്തുകയാണ്. ഇതോടെ വലിയ ഭീതിയിലാണ് നാട്ടുകാര്‍.
കുളത്തൂപ്പുഴ അയ്യന്‍പിള്ളവളവ് സ്വദേശി വയോധികന് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നു വലിയ ജനരോക്ഷം ഉയര്‍ന്നതോടെയാണ് വനംവകുപ്പ് കാട്ടുപോത്തുകളെ തിരികെ വനത്തിലേക്ക് തുരത്താന്‍ പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ചത്. വനം വകുപ്പിന് പുറമെ പൊലിസ് പഞ്ചായത്ത് റവന്യൂ അധികൃതര്‍ നാട്ടുകാര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളെയും കോര്‍ത്തിണക്കിയായിരുന്നു മിഷന് ഡ്രൈവ് നടത്തിയത്.
എന്നാല്‍ തുരത്തിയ ഭാഗത്ത് ഇപ്പോള്‍ കാട്ടുപോത്ത് ഇറങ്ങിയിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ തൊട്ടടുത്തായി കാട്ടുപോത്തുകള്‍ സ്ഥിരമായി എത്തി തുടങ്ങിയിട്ടുണ്ട്. ഇവ കല്ലടയാറിന്റെ തീരത്തുകൂടി വീണ്ടും മറുഭാഗത്തേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. ശാസ്താക്ഷേത്രത്തില്‍ പുലര്‍ച്ചെ മുതല്‍ ആളുകള്‍ എത്തിതുടങ്ങും.
കാട്ടുപോത്തിന്റെ സാന്നിധ്യം പലപ്പോഴും പുറത്ത് നിന്നും എത്തുന്നവര്‍ക്ക് അറിയില്ല. ഈസാഹചര്യം മുന്നില്‍ കണ്ട് വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണം എന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
50 ഏക്കര്‍ ഡീസന്റ് മുക്ക് പാതയില്‍ പകല്‍ പോലും കാട്ടാനകള്‍ എത്തുന്നുണ്ട്. ഇതിനൊപ്പം ഇപ്പോള്‍ കാട്ടുപോത്തുകള്‍ കൂടി എത്തിയതോടെ ഇരുചക്ര വാഹന യാത്രികരും കാല്‍നട യാത്രികരും ഭയത്തോടെ മാത്രമാണ് ഇതുവഴി കടന്നുപോകുന്നത്.